12:45pm 10 November 2026
NEWS
''ഐ ആം എ സോള്ജിയർ'' കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്: പുനഃസംഘടന വേഗത്തിലാക്കുന്നു, നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാധ്യത
28/06/2025  09:15 AM IST
സുരേഷ് വണ്ടന്നൂർ
ഐ ആം എ സോള്ജിയർ  കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്: പുനഃസംഘടന വേഗത്തിലാക്കുന്നു, നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: "ഞാനൊരു സാധാ സോള്ജിയർ" തനിക്കെതിരായ വിശേഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എയുടെ പ്രതികരണം ഇതായിരുന്നു. ഈ പ്രഖ്യാപനത്തിനൊപ്പം, കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ കെ.പി.സി.സി പുനഃസംഘടന നടപടികൾ വേഗത്തിലാക്കാൻ ധാരണയായി. ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സമ്പൂർണമായ അഴിച്ചുപണിക്ക് പകരം, അത്യാവശ്യമായ മാറ്റങ്ങൾ മതിയെന്നാണ് നേതാക്കൾക്കിടയിൽ പൊതുവായ അഭിപ്രായം.
ഈ തീരുമാനത്തിന്റെ ഭാഗമായി ഡി.സി.സി പുനഃസംഘടനയും ഉടൻ ഉണ്ടാകും. മാറ്റങ്ങൾ വരുത്തുന്നെങ്കിൽ അത് വേഗത്തിലാകണമെന്നും, അല്ലെങ്കിൽ തൽക്കാലം മാറ്റങ്ങൾ വരുത്താതിരിക്കുകയാകും നല്ലതെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ഇതിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനമായി.

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് തലവേദന സൃഷ്ടിച്ച പി.വി. അൻവറിനെ മുന്നണിയിൽ ഉടനടി ഉൾപ്പെടുത്തേണ്ടതില്ലെന്ന് യോഗത്തിൽ പൊതുവായ ധാരണയായി. തൽക്കാലം ഈ വിഷയം കൂടുതൽ ചർച്ച ചെയ്യേണ്ടെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആവശ്യമെങ്കിൽ പരിഗണിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.

തരൂരിനെതിരെ വിമർശനം; ചെന്നിത്തലയുടെ പ്രതികരണം

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെയും യോഗത്തിൽ വിമർശനങ്ങളുയർന്നു. പാർട്ടിക്ക് നിരന്തരം പ്രതിസന്ധിയുണ്ടാക്കുന്ന തരൂരിന്റെ കാര്യത്തിൽ ഒരു തീരുമാനം വേണമെന്ന ആവശ്യം ഷാനിമോൾ ഉസ്മാനും രമേശ് ചെന്നിത്തലയുമാണ് ഉന്നയിച്ചത്. നിരന്തര പ്രതിസന്ധികളോട് വിയോജിപ്പുണ്ടെങ്കിലും തരൂരിനെ ചേർത്തു നിർത്തണമെന്ന് ചെന്നിത്തല പറഞ്ഞു.
"എന്നെക്കുറിച്ച് ആർക്കും പേടി വേണ്ട, പാർട്ടിയെ മോശമാക്കുന്ന ഒരു കാര്യവും എന്നിൽ നിന്നുണ്ടാവില്ല. ഇതിനേക്കാൾ മോശം അവസ്ഥ മുമ്പുണ്ടായിട്ടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല," ചെന്നിത്തല വ്യക്തമാക്കി.

മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ യോഗത്തിൽ പ്രശംസിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നിട്ടും ജോയ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് നേതാക്കൾ വിലയിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, സെക്രട്ടറിമാരായ അറിവഴകൻ, പി.വി. മോഹനൻ, മൻസൂർ അലിഖാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സർ​ക്കാ​ർ​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്ത​ണം​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

നിലമ്പൂർ ജനവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ചില കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വിലക്കയറ്റം, വന്യജീവി ശല്യം പോലുള്ള പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം വേണം. ആശാ വർക്കർമാരുടെ സമരത്തിന് ന്യായമായ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവരുടെ അഭിപ്രായവ്യത്യാസമാണ് ചർച്ചയായത്. യു.ഡി.എഫ് വിജയം സമ്പൂർണമാണ്. രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ഗവർണറുടെ ശ്രമം അപലപനീയമാണ്. ഉമ്മൻചാണ്ടിയുടെ ചരമദിനമായ ജൂലൈ 18 ന് വിവിധ സേവന പരിപാടികളോടെ കോൺഗ്രസ് ദിനാചരണം സംഘടിപ്പിക്കും.

ചെ​ന്നി​ത്ത​ല​യെ​ ​വി​മ​ർ​ശി​ച്ച് ​രാ​ജ്മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ

നിലമ്പൂരിലെ വിജയത്തിന് പിന്നാലെ കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുതെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിത്താൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമാണ് വിജയത്തിൽ നിർണായക പങ്കുള്ളത്. പ്രസ്ഥാനമാണ് വലുതെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മനസിലാക്കണം. ഷാഫിക്കും രാഹുലിനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിന്താഗതിയാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img